Tuesday 11 June 2013

പുനർജ്ജനിയുടെ സംഗീതം തേടി

പുനർജ്ജനിയുടെ സംഗീതം തേടി 

——————————————————————–
















പ്രിയമുള്ളവളേ നിന്നെ ഞാന്‍ അറിയില്ല;
ഞാൻ നിന്നെ കണ്ടിട്ടേയില്ല…
നിന്നെ കേട്ടതോ വെറും ദിവസങ്ങള്‍ മാത്രം;
എത്ര അറപ്പുളവാക്കുന്ന വചനങ്ങൾ….

എന്നിലെ കാളിയെ നിഗ്രഹിച്ചതും
നീ പ്രണയ ബിന്ദുക്കളായി പുനർജ്ജനിച്ചതും..
ഞാനോ?!
ആവാഹിച്ചു നഗ്നയായി,
ഭ്രാന്തിയായി;
ഇരുൾക്കയത്തില്‍ ആ ചുഴിയില്‍
പലവട്ടം ഉയരാൻ ശ്രമിക്കേ ഇരുട്ടിലേക്കു തന്നെയെന്നെ…
നീ ചവിട്ടിയരച്ച എന്റെ ഹൃദയത്തിൽ
നിന്നും ചോര വാർന്നൊഴുകെ
പതുക്കെപ്പതുക്കെ കാർന്നു തിന്നു
എന്നെ നീയാക്കി മാറ്റുന്നത്…
ഞാനറിയുന്നു
ഞാനെത്ര നിസ്സഹായ…
എന്റെ പ്രണയ മുറിവുകള്‍ നക്കി
എന്നിൽ പലവട്ടം ചവിട്ടി നൃത്തമാടുന്നതും
ഞാനറിയുന്നു..
എന്നിൽ നിന്നും പുറപ്പെടുന്ന നിന്റെ നിഴൽ
ശ്മശാന നായയുടെ നിഴലിനെക്കാൾ
അറപ്പോടെ എന്റെ കാഴ്ചയിൽ നിറഞ്ഞ്
എന്നെ ബലഹീനയാക്കികൊണ്ട്..
എന്റെ ഹൃദയമാണല്ലോ
നിനക്കർപ്പിക്കേണ്ടി വന്നതെന്ന്
നിശബ്ദ തേങ്ങലോടെ…

ഇനി,
എനിക്കൊരു പുനർജ്ജനി വേണം
ഈ ഗുഹയിൽ നിന്റെ വിസർജ്ജ്യത്തിൽ നിന്നും
ഞാനോടട്ടെ;
എനിക്കായി ഒരാകാശം
ഒരു ഭൂമി,
ഒരു കടൽ
എല്ലാമെല്ലാം ഒരുങ്ങുന്നുണ്ട്…
അതുകൊണ്ട്,
ഇവിടെ നിന്നും ഞാൻ പോകുന്നു..
എന്നന്നെക്കുമായി നിന്നെ വലിച്ചെറിഞ്ഞ്
എന്നെ വീണ്ടെടുക്കാൻ..........

ബിന്ദു ഗൌരി

No comments:

Post a Comment